Thursday, May 24, 2018

Palchuram Vellachattam പാൽച്ചുരം വെള്ളച്ചാട്ടം (പ്രണയമാണ് യാത്രയോട്)

പാൽച്ചുരം വെള്ളച്ചാട്ടം

എത്ര ഇരിട്ടിക്കർ വയനാടിൽ ടൂർ പോയിട്ടുണ്ട്...ഭൂപടങ്ങളിൽ കാണാത്ത വയനാട്
വയനാട് എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കുറുവാ ദ്വീപും പൂക്കോട് തടാകവും സൂചിപ്പാറയും ബാണാസുര ഡാമുമൊ ക്കെയാണ് . എന്നാൽ  ടൂറിസം ഭൂപടങ്ങളിൽ ഇല്ലാത്ത അധികമാർക്കും പരിചയമില്ലാത്ത കുറച്ചു വയനാടൻ സഞ്ചാര കേന്ദ്രങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്

പാൽച്ചുരം വെള്ളച്ചാട്ടം

വയനാട് ജില്ലയെ കൊട്ടിയൂർ വഴി കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം. പേരുപോലെത്തന്നെ മനോഹരമായ ചുരം. യാത്രക്കാർ പൊതുവേ കുറവായ ചുരം പാതയുടെ മുകളിൽ രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക്  വന്നിരിക്കുമ്പോൾ ഒരു പ്രത്യേക സുഖമാണ് . കാട്ടു ജീവികളുടെ മൂളലും ദൂരെ മലമുകളിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദവും ഒക്കെയായി ഒരു അടിപൊളി അനുഭവം.

ചുരമിറങ്ങി പകുതി എത്തിയാൽ വലത്തോട്ട് ഒരു മൺ പാതയുണ്ട്. കഷ്ടിച്ച് ഒരു ജീപ്പിനു പോകാം. ഏകദേശം മൂന്ന് കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാൽ പിന്നെ ജീപ്പ് ഇറങ്ങി പോകണം. കാട്ടിലൂടെ കുത്തനെയുള്ള പാത. കൊടുംവേനലിലും ഈ കാട്ടുപാത ഇരുണ്ടിട്ട്‌ തന്നെയാണ്. കാട്ടിലൂടെ മല കയറി മുകളിലെത്തിയാൽ മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാം.
 വെള്ളച്ചാട്ടം വീഴുന്ന സ്ഥലത്ത് ചെറിയ ഒരു കുളം പോലെ കുളിക്കാനുള്ള സൗകര്യവും.
ഇരുണ്ട കാട്ടുപാറയിലൂടെ പാൽ നിറത്തിൽ വെള്ളം ഒഴുകി വരുന്ന കാഴ്ച അതിമനോഹരമാണ്. 

സഞ്ചാരികൾക്ക് അധികം പരിചയമില്ലാത്ത സ്ഥലം ആയതിനാൽ ആളുകളുടെ വരവ് വളരെ കുറവാണ് .തീരെ കുറവെന്ന് തന്നെ പറയാം.
കാട്ടിലൂടെയുള്ള പാത ആയതിനാലും മൃഗ ശല്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാലും ഒറ്റക്ക് പോകുന്നതിനേക്കാൾ നല്ലത് കൂട്ടമായി പോകുന്നതാണ്.

റൂട്ട് :മാനന്തവാടി---- തലപ്പുഴ -----ബോയ്സ്--- ടൗൺ റോഡ്---- പാൽച്ചുരം_

കോളാർ മട

എടക്കൽ ഗുഹയെ പറ്റി കേൾക്കാത്തവരുണ്ടാവില്ല .എന്നാൽ അധികമാർക്കും അറിയാത്ത മറ്റൊരു ഗുഹ തലപ്പുഴക്കടുത്തുണ്ട്.
 പാരിസൻസിന്റെ തെയില എസ്റ്റേറ്റ് നു ഉള്ളിലൂടെ കുറച്ചു ദൂരം പോയാൽ കൊളാർ മട എന്നു വിളിക്കുന്ന ഗുഹയിലെത്താം.
 പുറമേ നിന്ന് നോക്കുമ്പോൾ ചെറിയൊരു ഗുഹ  ആയിട്ടെ തോന്നു, എന്നാൽ ഉള്ളിലേക്ക് കടക്കുന്നതോടെ ഗുഹയുടെ വലിപ്പവും ഉയരവും കൂടുന്നു. കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ ഗുഹയുടെ ഉള്ളിലേക്ക് കടക്കുന്നത് അപകടമാണ്. ഉള്ളിലേക്ക് കയറി കുറച്ചു ദൂരം മുന്നോട്ടു പോയാൽ വഴി രണ്ടായി പിരിയുന്നു .അതിലൂടെ പോകുമ്പോൾ പിന്നെയും പുതിയ വഴികൾ. ഗുഹയുടെഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക്  ആരും ഇതുവരെ നടന്ന് പോയിട്ടില്ലെന്ന് കൂടെ വന്ന തോട്ടം തൊഴിലാളിയായ ചേട്ടൻ പറഞ്ഞു.

ഗുഹ്‌ക്കുള്ളിലൂടെ കുറേ ദൂരം പോയാൽ ഇരുമ്പിന്റെ വാതിൽ ഉണ്ടെന്നും അതിനപ്പുറം പോകുന്നത് അപകടമാണെന്നും ഒക്കെ കൊളാർ മടയെപ്പറ്റി പ്രചരിക്കുന്ന കഥകൾ ആണ്.

സാഹസിക സഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റിയ ഒരിടമാണ് കോളർ മട. പോകുമ്പോൾ നല്ല വെട്ടം ഉള്ള ടോർച്ച് ലൈറ്റും മറ്റു സുരക്ഷാ വടികളും ഒക്കെ കയ്യിൽ കരുതുന്നത് നല്ലതാണ്.

റൂട്ട്: മാനന്തവാടി--- തലപ്പുഴ---44-ആം മൈൽ---കോളർ മട 

ഗുരുകുലം ബോട്ടാണിക്കൽ  ഗാർഡൻ

സോഷ്യൽ മീഡിയകളിൽ പ്രകൃതിഭംഗി ഷെയർ ചെയ്ത നമ്മൾ മലയാളികൾ പരിസ്ഥിതിപ്രേമം കാണിച്ചപ്പോൾ മലയാളക്കരയെ കുറിച്ച് കേട്ടറിഞ്ഞ് വർഷങ്ങൾക്കുമുമ്പേ കേരളത്തിലെത്തിയ ഒരു സായിപ്പ്  വയനാട് ജില്ലയിലെ പേര്യയിൽ കുറച്ച് സ്ഥലം വാങ്ങുകയും അവിടെ സ്വന്തമായി ഒരു വനം തന്നെ നിർമ്മിക്കുകയും ചെയ്തു. 

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പലതരം സസ്യ സ്പീഷിയസുകളും ഇരപിടിയൻ സസ്യങ്ങൾ ഉം മറ്റ് അപൂർവ്വ സസ്യങ്ങളുമൊക്കെയായി ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ എന്ന പേരിൽ സായിപ്പിന്റെ കാട് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിരിക്കുകയാണ്. യാതൊരുവിധ പ്രവേശന ഫീസ് ഈടാക്കാതെ ഗാർഡനിൽ എത്തുന്ന ഓരോ അംഗങ്ങൾക്കും സസ്യങ്ങളുടെ ശാസ്ത്രീയ നാമവും മറ്റ് സവിശേഷതകളെ കുറിച്ചുമൊക്കെ വിവരിച്ചുകൊടുക്കാൻ അഭ്യസ്തവിദ്യരായ ഒട്ടേറെ തൊഴിലാളികൾ ഗാർഡനിലുണ്ട്.

സായിപ്പിന്റെ മരണശേഷം മകൻ സാന്റിയാണ് ഗാർഡിന്റെ മേൽനോട്ടം വഹിക്കുന്നത്. സസ്യ വൈവിധ്യങ്ങളെ പറ്റി ഒട്ടേറെ അറിവ് ലഭിക്കുന്നതിനാൽ കുടുംബസമേതം പോകാൻ പറ്റിയ ഒരിടമാണ് ഗുരുകുലം ബോട്ടാണിക്കൽ ഗാർഡൻ.

ഗാർഡനിലെ പൂച്ചെടികൾ ക്കുള്ളിൽ അന്ത്യവിശ്രമം കൊള്ളുന്ന ആ പ്രകൃതി സ്നേഹിക്കു പ്രണാമം.

കാനനപാതകൾ

തോൽപ്പെട്ടി വന്യജീവി സങ്കേതവും തിരുനെല്ലി അമ്പലവും വയനാട്ടിലെ പ്രശസ്തമായ സഞ്ചാര കേന്ദ്രങ്ങളാണ്. എന്നാൽ ഞാൻ പറഞ്ഞുവരുന്നത് അവിടേക്ക് എത്താനുള്ള വനപാതയെക്കുറിച്ചാണ്.

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഫേസ്ബുക്ക് സുഹൃത്തിന്റെ ആവശ്യാർത്ഥം രാവിലെ ആറുമണിക്ക് തിരുനെല്ലി പോയപ്പോൾ ആണ് ഈ വനപാതയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കാൻ പറ്റിയത്.
കാട്ടിക്കുളം മുതൽ തിരുന്നെല്ലി വരെയുള്ള സുന്ദരമായ വനപാത. റോഡിനരികിൽ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മാൻകൂട്ടങ്ങൾ, വാനരസംഘത്തിന്റെ കുസൃതികൾ, വഴിമുടക്കി നിൽക്കുന്ന കാട്ടാനക്കൂട്ടം, എല്ലാം കൂടിയാകുമ്ഉയർത്തിയപ്പോൾ ഒരടിപൊളി അനുഭവം. തെറ്റ് റോഡിലെത്തി അമ്മച്ചിയുടെ കട്ടൻചായയും ഉണ്ണിയപ്പവും കൂടിയാകുമ്പോൾ സംഗതി കുശാൽ.

ഉണ്ണിയപ്പത്തിന് ഇതിനുമാത്രം എന്തു പ്രത്യേകതയാണ് ഉള്ളതെന്ന് പലരും ചോദിക്കാറുണ്ട്, കാട്ടിലൂടെ കുറേ ദൂരം സഞ്ചരിക്കുമ്പോൾ ഒരു കട്ടൻചായ കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാത്ത സഞ്ചാരികൾ കുറവായിരിക്കും അങ്ങനെ കിട്ടുന്ന കട്ടനും ഉണ്ണിയപ്പത്തിനും ഒരു പ്രത്യേക രുചി തന്നെയാണ് .രുചിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഒരുപാടുണ്ടല്ലോ.
തെറ്റു റോഡിലെത്തി വലത്തോട്ടു പോയാൽ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലേക്കും ഇടത്തോട്ടു പോയാൽ തിരുനെല്ലി അമ്പലം, പക്ഷിപാതാളം എന്നിവിടങ്ങളിലേക്കും പോകാം...













No comments:

Post a Comment