Monday, May 21, 2018

ഒാട്ടോറിക്ഷയിൽ ഹിമാലയത്തിലേക്ക് മലയാളിയുടെ യാത്ര (പ്രണയമാണ് യാത്രയോട്)

ഒാട്ടോറിക്ഷയിൽ ഹിമാലയത്തിലേക്ക് മലയാളിയുടെ യാത്ര.
           ഹിമാലയത്തിലേക്ക് പലതവണ പോയിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു യാത്ര ആദ്യമാണെന്ന് എറണാകുളം സ്വദേശി പാർത്ഥസാരഥി നമ്പൂതിരി പറയുന്നു. മോട്ടർ ബൈക്കിലും കാറിലുമൊക്കെയായി നിരവധി തവണ ഹിമാലയം താണ്ടിയിട്ടുണ്ടെങ്കിലും ഒാട്ടോറിക്ഷയിലുള്ള യാത്ര ആദ്യമാണ്. ഹിമാലയത്തിലേക്ക് ഒാട്ടോറിക്ഷയിലോ കണ്ണുതള്ളേണ്ട. യാത്രപോകാനുളള മനകരുത്തും അതിയായ ആഗ്രഹവുമുണ്ടെങ്കിൽ ഏതു സാഹസികതയെയും ഒാട്ടോറിക്ഷയിലും മറികടക്കാം.
ഒാട്ടോറിക്ഷയിൽ ചാര്‍ധാം യാത്രയ്ക്ക് ഒരുങ്ങുന്ന തിരക്കിലാണ് പാർത്ഥസാരഥി നമ്പൂതിരിയും സുഹൃത്തുക്കളും. എറണാകുളം ശിവക്ഷേത്രത്തിൽ നിന്നും നാളെ ഉച്ചയ്ക്ക് ചാര്‍ധാം യാത്രയ്ക്ക് ഫ്ലാഗ് ഒാഫ് ചെയ്യും. തീർത്ഥാടന യാത്രയ്ക്കായി മാത്രം വാങ്ങിയ ഓട്ടോറിക്ഷയിൽ യാത്രയുടെ സുരക്ഷ ഉറപ്പുനരുത്താനായി ജി പി എസും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ദീർഘദൂര യാത്രക്കുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഓട്ടോറിക്ഷയിൽ ഒരുക്കിയിട്ടുണ്ട്.
ഇൗ സാഹസിക യാത്രയുടെ തുടക്കം എറണാകുളം ഏറ്റുമാനൂർ ശിവക്ഷേത്രത്തിൽ നിന്നാണ്. ഇവിടെ നിന്നും ബാംഗ്ലൂർ, ഹൈദരബാദ്, നാഗ്പൂർ വഴി മധ്യപ്രദേശ് കടന്ന് ആഗ്ര വഴി ഡൽഹിയിൽ എത്തും. ഡൽഹിയിൽ നിന്നും നേരെ ഹരിദ്വാറിലേക്കും അവിടെ നിന്നും ഋഷികേഷിലേക്കും തിരിക്കും. ശേഷം ബദരീനാഥും കേദാർനാഥും സന്ദർശിച്ച് ഇരുപതു ദിവസത്തെ യാത്രയിൽ തിരിച്ചെത്താം എന്നാണ് ഇക്കൂട്ടർ പ്രതീക്ഷിക്കുന്നത്.
അപൂർവം ചില യാത്രകൾ സഞ്ചാരികളെ ക്ഷണിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോൾ പോകേണ്ടി വരുന്ന ഒരിടമാണ് ബദരീനാഥ്. ഭാരതത്തിന്റെ ചരിത്രത്തിന്റെയും മിത്തുകളുടെയുമൊക്കെ കഥകളാണ് ബദരീനാഥിന് പറയാനുണ്ടാവുക. ഇന്ത്യയിലെ ഏറ്റവും പരിപാവനമായ നാലു ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. ചാർധാം എന്ന പേരിൽത്തന്നെ ഈ മിത്തുകളിലേക്കുള്ള വഴികൾ തുറന്നു കിടക്കുന്നു. ഹരിദ്വാർ, ഋഷികേശ്, ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് എന്നിവയാണ് ചാർധാം ക്ഷേത്രങ്ങൾ. ഇതിൽ ഏറ്റവും സാഹസികത നിറഞ്ഞ യാത്ര ബദരീനാഥ് തന്നെ. വിശ്വപ്രസിദ്ധമായ “ചാർധാം യാത്ര” (ഗംഗോത്രി,യമുനോത്രി, കേദാർനാഥ്, ബദരീനാഥ്)യുടെ തുടക്കം ഗംഗാതടത്തിൽ നിന്നാണ്.
ചാർധാം ക്ഷേത്രങ്ങൾ ഒറ്റനോട്ടത്തില്‍
ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന പുണ്യനഗരമാണ് ഹരിദ്വാർ. ഗംഗാനദിയിൽ നടത്തുന്ന ഇവിടുത്തെ ആരതി ആരാധന പ്രസിദ്ധമാണ്. ദൈവത്തിലേക്കുള്ള വഴി എന്നാണ് ഹരിദ്വാർ എന്ന വാക്കിന്റെ അർത്ഥം. 12 വർഷത്തിൽ ഒരിക്കല്‍ ഹരിദ്വാറിൽ കുംഭമേള നടക്കാറുണ്ട്.
ഇതു കൂടാതെ ലക്ഷക്കണക്കിനു ഭക്തർ ഒരോ വർഷവും തങ്ങളുടെ പാപങ്ങൾ കഴുകിക്കളഞ്ഞ് മോക്ഷം നേടാൻ എന്ന വിശ്വാസത്തിൽ ഇവിടെ എത്തി ഗംഗയിൽ സ്നാനം ചെയ്യാറുമുണ്ട്.
വിഷ്‌ണു ഭഗവാന്റെയും ശിവന്റെയും തുല്യപ്രാധാന്യമുള്ള വാസഭൂമിയാണ്‌ ഋഷികേശ്. ഹരിദ്വാറിൽ നിന്നും ഏകദേശം 25 കിലോമീറ്ററിലധികം സഞ്ചരിച്ചാൽ ഋഷികേശിൽ എത്തിച്ചേരാം. ഇൗ പുണ്യനഗരത്തിലെ കാഴ്ചകൾ തേടി നിരവധി സഞ്ചാരികൾ എത്താറുണ്ട്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പുണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്.
ഹിമാലയത്തിൽനിന്നു പതിനായിരത്തോളം അടി ഉയരത്തില്‍ നിലകൊള്ളുന്ന ക്ഷേത്രമാണ് ബദരീനാഥ്. മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ബദരീനാഥിന്റ ഏറ്റവും വലിയ ദൃശ്യഭംഗി. ബദരീനാഥ് എന്ന പേരിൽ തന്നെ മഹാവിഷ്ണു കുടികൊള്ളുന്നു.
ആദി ശങ്കരനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇതുവഴി ഒഴുകുന്ന അളകനന്ദയിൽനിന്ന് അദ്ദേഹത്തിനു ലഭിച്ചതാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ മാത്രമേ ഇവിടെ യാത്രക്കാരെ അനുവദിക്കാറുള്ളൂ, കാരണം ബാക്കിയുള്ള സമയം അതികഠിനമായ മഞ്ഞു വീഴ്ചയാണ്. ബദരീനാഥ് ക്ഷേത്രം പോലും ഈ ആറു മാസത്തേക്കു മാത്രമേ തുറക്കാറുള്ളൂ.
ഹിന്ദു മത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഭഗവാന്‍ ശിവന്‍റെ ജ്യോതിര്‍ലിംഗം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ കേദാര്‍നാഥ് മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. എ ഡി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.
ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ഗൗരികുണ്ഡിൽ നിന്ന് 14 കിലോമീറ്റർ ട്രെക്കുചെയ്താൽ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.
#പ്രണയമാണ്_യാത്രയോട്
#Love_To_Travel








No comments:

Post a Comment