കേരളത്തിലെ_ചിറാപുഞ്ചി_തേടി_ഒരു_യാത്ര കൂടെ_ചില_വയനാടൻ_കാഴ്ച്ചകളും
ചിറാപുഞ്ചി... മഴയുടെ സ്വന്തം നാടായി പ്രകൃതി തന്നെ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലം മഴയുടെ തണുപ്പും പ്രകൃതിയുടെ സൗന്ദര്യവും ഒത്തു ചേർന്ന ഇവിടെ പോകാൻ അത്ര എളുപ്പമല്ലെങ്കിലും നമുക്കെല്ലാം എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഒരിടമുണ്ട്. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം. വയനാട് ജില്ലയുടെ കവാടമായ ലക്കിടിയാണ് നമ്മുടെ ചിറാപുഞ്ചി. താമരശ്ശേരി ചുരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ലക്കിടി വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നു കൂടിയാണ്. സമുദ്ര നിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.സഞ്ചാരികൾക്ക് കണ്ണു നിറയെ കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന കേരളാ ചിറാപുഞ്ചിയുടെ വിശേഷങ്ങളിലേക്ക്..!!
കോഴിക്കോട് ഭാഗത്തു നിന്നും വരുമ്പോൾ വയനാട്ടിലേക്കുള്ള പ്രവേശന കവാടമായാണ് ലക്കിടി അറിയപ്പെടുന്നത്. താമരശ്ശേരിയ ചുരത്തിൽ നിന്നും 28 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് നിന്നും 57.9 കിലോമീറ്ററും കണ്ണൂരിൽ നിന്നും കോഴിക്കോട് വഴി വരുമ്പോൾ 122.5 കിലോമീറ്ററും സഞ്ചരിക്കണം ലക്കിടിയിൽ എത്തുവാൻ. വയനാട്ടിസെ തന്നെ മാനന്തവാടിയിൽ നിന്നും 45.4 കിലോമീറ്ററും പുൽപ്പള്ളിയിൽ നിന്നും 44.2 കിലോമീറ്ററും കൽപ്പറ്റയിൽ നിന്നും 15 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ നിന്നും വയനാടിന്റെ കവാടമായ ലക്കിടിയിലേക്കുള്ള യാത്ര വളരെ മനോഹരമാണ്. അടിവാരത്തു നിന്നും ചുരം കയറി വേണം ഇവിടെ എത്താൻ. 12 ഹെയർപിൻ വളവകളാണ് ഈ റോഡിലുള്ളത്. വയനാട്ടിലേക്കുള്ള യാത്രയുടെ ഏറ്റവും വലിയ ആകർഷണവും ഈ ഹെയർപിൻ വളവുകള്‍ തന്നെയാണ്. ഈ ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. ഉയരത്തിൽ നിന്നുള്ള കാഴ്ചകളും മലമുകളിലൂടെ ഒലിച്ചിറങ്ങുന്ന അരുവിയുടെ ശബ്ദവും പച്ചപുതച്ച മലനിരകളും ഒക്കെ ഇവിടേക്കുള്ള യാത്രയുടെ മാറ്റു കൂട്ടുന്നു.
ലക്കിടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റൊരു വയനാടന്‍ ഗ്രാമമാണ് വൈത്തിരി. മഴക്കാടുകൾക്ക് പേരുകേട്ട വൈത്തിരി ഒരു ജൈവ ടൂറിസം കേന്ദ്രം കൂടിയാണ്. നീസഗിരി മലനിരകളോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്ത് ധാരാളം മഴക്കാടുകളും ചെറിയ അരുവികളും ഒക്കെ കാണുവാൻ സാധിക്കും.കാട്ടിലൂടെയുള്ള സാഹസിക യാത്രകളും ട്രക്കിങ്ങുകളും ഒട്ടേറെ നടക്കുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട അഡ്വഞ്ചർ കേന്ദ്രം കൂടിയാണ്. വിവിധ ടൂർ ഏജൻസികളുടെയും ടൂറിസം ഡിപ്പാർട്മെന്റിന്റെയും ഒക്കെ നേതൃത്വത്തിൽ ഇവിടെ നടത്തുന്ന കാട്ടിലേക്കുള്ള യാത്രകൾ തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതലായും അടുപ്പിക്കുന്നത്. ഇവർക്കാവശ്യമായ താമസസൗകര്യങ്ങളും മറ്റും ഇവിടെ കുറഞ്ഞ നിരക്കിൽ മുതൽ ലഭ്യമാണ്.
ഐതിഹ്യങ്ങളും കഥകളും ഒട്ടേറെയുള്ളതാണ് ലക്കിടിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ചങ്ങലമരം. വയനാട്ടിലെത്തുന്ന ഒരു സഞ്ചാരിയും ഇത് കാണാതെ മടങ്ങാറില്ല. വിശ്വാസമനുസരിച്ച് കരിന്തണ്ടൻ എന്നു പേരായ ഒരു ആദിവാസി യുവാവിന്റെ സഹായത്തോടെയാണ് ബ്രിട്ടീഷ് എൻജിനീയർ വയനാട്ടിലേക്കുള്ള വഴി കണ്ടു പിടിക്കുന്നത്. വഴി കണ്ടു പിടിച്ചതിന്റെ അവകാശം മറ്റാരും ചോദിച്ചു വരാതിരിക്കാനായി അയാൾ കരിന്തണ്ടനെ കൊലപ്പെടുത്തിയത്രെ. പിന്നീട് ഗതികിട്ടാത്ത കരിന്തണ്ടന്റെ ആത്മാവ് ഈ ചുരം കയറി എത്തുന്നവരെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. പിന്നീട് നാട്ടുകാർ മന്ത്രവാദിയുടെ സഹായത്തോടെ കരിന്തണ്ടന്റെ ആത്മാവിലെ മരത്തിൽ ചങ്ങലയിൽ ബന്ധിച്ചു. അങ്ങനെ ഈ മരം ചങ്ങലമരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. അന്നു കരിന്തണ്ടനെ ബന്ധിച്ച ചങ്ങലെ വളർന്നു കൊണ്ടിരിക്കുമത്രെ. വളരുന്ന ചങ്ങലയും മരവും കാണുവാനാണ് സഞ്ചാരികൾ ഇവിടെ എത്തുന്നത്.
ഇന്ത്യയുടെ ഭൂപടത്തിൻറെ ആകൃതിയിൽ കിടക്കുന്ന ഒരു തടാകമാണ് പൂക്കോട് തടാകം. കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം കേരളത്തിലെ തന്ന ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗവേഷകരും വിദ്യാർഥികളും സഞ്ചാരികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. തടാകത്തെ മുഴുവൻ വലംവെച്ചുകൊണ്ടുള്ള ബോട്ടിങ്ങും തടാകത്തെ ചുറ്റിയുള്ള നടത്തവും കാഴ്ചകളും ഒക്കെയാണ് ഇവിടുത്തെ ആകർഷണങ്ങൾ.മീൻ വളർത്തൽ കേന്ദ്രവും ഹരിത ഗൃഹവും ഇവിടെ കാണാം. വയനാടിന്റെ തനതായ വിഭവങ്ങൾ വാങ്ങിക്കാനും ഇവിടെ സൗകര്യങ്ങളുണ്ട്. ലക്കിടിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ലക്കിടിയിൽ നിന്നും പോകുമ്പോൾ കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് മുത്തങ്ങ. വയനാട് വന്യജീവി സങ്കേതത്തിനകത്തുള്ള ഒരു ഗ്രാമമാണിത്. കേരളവും തമിഴ്നാടും കർണ്ണാടകയും ഒരുമിച്ച് അതിർത്തി പങ്കുവയ്ക്കുന്ന സ്ഥലമായതിനാൽ ഇവിടം ട്രയാങ്കിൾ പോയിന്റ് എന്നും അറിയപ്പെടുന്നു. കടുവ, പുലി, മാൻ, കാട്ടുപോത്ത്, തുടങ്ങിയവെ ഇവിടെ യഥേഷ്ടം കാണാം. കാട്ടിലൂടെയുള്ള യാത്രകളും താമസവും ഒരുക്കിയിരിക്കുന്ന ഇവിടെ ധാരാളം സഞ്ചാരികൾ എത്താറുണ്ട്.
വയനാട്ടിലെത്തുന്ന സാഹസികരായ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഫാന്റം റോക്ക്. തലയോട്ടിയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു പാറക്കൂട്ടമാണിത്. ചിങ്കേരി മല എന്നും ഇവിടം പ്രദേശ വാസികൾക്കിടയിൽ അറിയപ്പെടുന്നു. ട്രക്കിങ്ങിനും ക്യാംപിങ്ങിനുമായാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്. കൽപ്പെറ്റയിൽ നിന്നും 25 കിലോമീറ്റവും സുൽത്താൻ ബത്തേരിയിൽ നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. സമുദ്രനിരപ്പിൽ നിന്നും 2600 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 6,900 അടി ഉയരത്തിലാണ് ചെമ്പ്രാ പീക്ക് സ്ഥിതി ചെയ്യുന്നത്. പ്രഫഷണലുകളല്ലാത്ത ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട ട്രെക്കിംഗ് പാതയാണ് ഇത്. വളരെ പ്രയാസമില്ലാതെ ട്രെക്ക് ചെയ്യാം എന്നതിനാല്‍ വയനാട്ടില്‍ ഹണിമൂണിന് എത്തുന്ന നവദമ്പതിമാരും ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. ഹണിമൂണിനിടെ ചെമ്പ്രാ പീക്കിൽ എത്തിച്ചേരുമ്പോൾ അവിടെ ഹൃദയത്തിന്റെ ആകൃതിയിൽ ഒരു തടാകം കാണാം. വയനാട് ജില്ലയിലെ കൽപ്പറ്റയ്ക്ക് സമീപത്തുള്ള മേപ്പാടിയാണ് ചെമ്പ്രാ പീക്കിന് സമീപത്തുള്ള ടൗൺ.അധികം ദുഷ്കരമല്ലാത്ത ട്രെക്കിംഗ് പാത ആയതിനാൽ ട്രെക്കിംഗിൽ പരിചയം ഇല്ലാത്തവർക്കും ഇവിടെ ട്രെക്കിംഗ് നടത്താം. നാലരകിലോമീറ്റർ ദൂരമാണ് ചെമ്പ്ര പീക്കിൽ എത്താനുള്ള ദൂരം. ഇതേ ദൂരം തിരികേ വരികയും വേണം. മൂന്ന് മുതൽ നാലുമണിക്കൂർ വരെയെടുക്കും ചെമ്പ്ര പീക്ക് കയറാൻ
No comments:
Post a Comment